Business
കോട്ടയം: കൊടുംചൂടില്‍ കേരളം ഉരുകിവിയര്‍ക്കുമ്പോള്‍ അല്പമൊന്നു കൂളാകാനും ഒന്നുറങ്ങാനും എയര്‍ കണ്ടീഷണര്‍ വാങ്ങിയേ തീരൂ എന്നതാണ് സാഹചര്യം. മയമില്ലാത്ത താപവുമായി ഏപ്രില്‍ വന്നതോടെ ഈ മാസം എസിക്ക് കേരളത്തില്‍ റിക്കാര്‍ഡ് വില്പനയാണ്.
വില മൂവായിരം രൂപ പോയ വാരം കൂടിയ സാഹചര്യത്തിലും വില്പന കുറഞ്ഞില്ലെന്നു മാത്രമല്ല, ഏറെ ഡീലര്‍മാര്‍ക്കും എയര്‍ കണ്ടീഷനര്‍ സ്റ്റോക്കില്ലാത്ത വിധം വിറ്റു തീര്‍ന്നു. എസി വാങ്ങിയാല്‍ തന്നെ അത് മുറികളില്‍ പിടിപ്പിച്ചുതരാന് ടെക്നീഷർക്കു സാധിക്കുന്നില്ല. ഇതിനായി രണ്ടാഴ്ച വരെ കാലാവധിയാണ് ഇവര്‍ ചോദിക്കുന്നത്.
സംസ്ഥാനത്ത് പ്രതിവര്‍ഷം മൂന്നേകാല്‍ ലക്ഷം എസികളാണ് ശരാശരി വിറ്റഴിയുന്നത്. അതില്‍ രണ്ടു ലക്ഷവും വിറ്റഴിയുന്നത് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. ചൂട് പരിധി വിട്ടതോടെ ഈ മാസം മാത്രം ഒരു ലക്ഷം യൂണിറ്റുകളാണ് സംസ്ഥാനത്ത് വിറ്റഴിഞ്ഞത്. എസി സ്റ്റോക്കില്ലാത്തതിനാല്‍ ചില ഷോപ്പുകളില്‍ മുന്‍കൂര്‍ ബുക്കിംഗ് നടന്നുവരുന്നു. അടുത്തയാഴ്ച പുതിയ സ്റ്റോക്ക് വരുമ്പോള്‍ വാങ്ങാമെന്ന ധാരണയില്‍ അഡ്വാന്‍സ് കൊടുത്തു കാത്തിരിക്കുന്നവരുമുണ്ട്.
രാജ്യത്ത് കേരളത്തിലാണ് ആദ്യം വേനല്‍ക്കാലം ആരംഭിക്കുന്നതെന്നതിനാല്‍ ഫെബ്രുവരിയോടെ എസി വില്പനയ്ക്കും ചൂടുപിടിക്കും. ഉത്സവ സീസണുകളില്‍ ആദ്യത്തേത് ഓണമായതിനാല്‍ രാജ്യത്തെ ഉത്സവകാല ബിസിനസിനു തുടക്കം കുറിക്കുന്നതും കേരളത്തിലാണ്. ഇന്ത്യയിലെ ആകെ എസി വില്പന 45 ലക്ഷമാണെന്നിരിക്കെ അതിന്റെ എട്ടു ശതമാനവും കേരളത്തിലാണ്.
കേരളത്തിലെ വേനല്‍ താപനില ഓരോ വര്‍ഷവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ എസി വില്പന ഇനിയും ഏറിവരും. എല്ലാ മുറികളിലും എസി വയ്ക്കാതെ കഴിയാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ വരുമാനം പരിഗണിക്കാതെ തവണവ്യവസ്ഥയിലും എസി വാങ്ങുന്നവരുടെ എണ്ണം കൂടിവരുകയാണ്.
മുന്‍പ് ഒരു ടണ്‍ ശേഷിയുടെ എസികളായിരുന്ന പകുതിയിലേറെയും വില്പന. തണുക്കാന്‍ കൂടുതല്‍ സമയമെടുക്കും തോറും വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതിനാല്‍ ഈയിടെയായി ഒന്നര ടണ്‍ ശേഷിയുടെ എസിയാണ് കൂടുതല്‍ വിറ്റഴിയുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 15 ശതമാനം വളര്‍ച്ചാനിരക്കാണ് ഈ ബിസിനസിലുള്ളത്. രണ്ടു വര്‍ഷം മുന്‍പ് 20,000 രൂപയ്ക്കടുത്തു വിലയുണ്ടായിരുന്ന എസികള്‍ക്ക് നിലവില്‍ 34,000 രൂപയ്ക്കടുത്താണു വില.
കേരളത്തില്‍ എസി വില്പന ഇക്കൊല്ലം ആയിരം കോടി കടക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്. വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ഫൈവ്, ഫോര്‍ സ്റ്റാര്‍ എസി യൂണിറ്റുകള്‍ക്കാണ് ആവശ്യക്കാരേറെയും. കേരളത്തില്‍ താപനിലയും ഉഷ്ണവും ഇങ്ങനെ പരിധി വിട്ടാല്‍ വാര്‍ഷിക വില്പന ഇരട്ടിയാകുമെന്നാണ് സൂചന.
സാമ്പത്തികശേഷിയില്‍ ഇടത്തരക്കാര്‍ വരെ ഒന്നോ രണ്ടോ യൂണിറ്റ് എസി വാങ്ങാന്‍ താത്പര്യപ്പെടുന്നതും വില്പന ഉയരാന്‍ കാരണമായി. നിലവില്‍ 28,000 കോടി രൂപയാണ് രാജ്യത്തെ എസി വിപണി.
Kerala
കൊല്ലം: അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
അതേസമയം മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല.
സംസ്ഥാനത്ത് അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപാനുഭവ വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
District News
പെരുന്പടവ്/കേളകം: കടുത്ത ചൂടിൽ കാർഷിക മേഖലയും വരൾച്ചയിൽ. കാർഷിക വിളകളുടെ ഉത്പാദനത്തിലും കുറവ്. റബറിന് വില ഉയരുന്നുണ്ടെങ്കിലും ഉത്പാദനക്കുറവ് മൂലം വിലവർധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കുന്നില്ല. തേങ്ങയുടെ വില കൂടിയിട്ട് കുറയുകയും ചെയ്തു. വിലയില്ലാത്തതിനാൽ വാഴക്കുലകൾ വിൽക്കാനും സാധിക്കുന്നില്ല. കാലാവസ്ഥയിലെ വ്യതിയാനം പച്ചക്കറികളുടെ വിളവിനെയും ബാധിച്ചു. കാർഷിക വായ്പ എടുത്തവർക്ക് തിരിച്ചടവും പ്രതിസന്ധിയിലായിരിക്കുകയാണ്.
നേട്ടമില്ലാതെ റബർ കർഷകർ
റബർ വില ഉയർന്നിട്ടും നേട്ടമുണ്ടാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റബർ കർഷകർ. അപ്രതീക്ഷിതമായ വേനൽമഴയിൽ ഇലകൊഴിച്ചിൽ രോഗവും കാലവർഷം നീണ്ടുനിന്നതും ടാപ്പിംഗ് ദിനങ്ങൾ നഷ്ടപ്പെട്ടതും ഉത്പാദനത്തെ ബാധിച്ചു. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിലാണ് റബറിന്റെ ഇല കൊഴിഞ്ഞ് പുതിയ ഇലകൾ വരുന്നത്.
ഈ വർഷം ജനുവരിയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് മഞ്ഞ് കൂടുതലായിരുന്നു. കൂടാതെ, ജനുവരിയിൽ പലതവണ വേനൽ മഴ പെയ്തു. ഇതു കാരണം തളിർത്തുവന്ന റബർ ഇലകളിൽ പുള്ളിക്കുത്തുകൾ രൂപപ്പെടുകയും ദിവസങ്ങൾക്കുള്ളിൽ ഇലകൾ പൂർണമായും കൊഴിഞ്ഞുപോകുകയും ചെയ്തു. ഇപ്പോൾ പകൽ സമയത്തെ കടുത്ത ചൂടു മൂലം ഉൽപാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കൂടാതെ, റബർ തോട്ടങ്ങളിൽ ഓട്ടുറുമയുടെ ശല്യവും ഉണ്ട്.
റബർ ടാപ്പ് ചെയ്തു മാറുന്നതോടുകൂടെ പാൽ ഒഴുകിവരുന്ന പ്രതലത്തിൽ ഓട്ടുറുമ പ്രത്യക്ഷപ്പെടുകയും ഈ ജീവിയിൽ നിന്നും ഉണ്ടാവുന്ന ആസിഡ് മൂലം റബർ പാൽ ചിരട്ടയിലേക്ക് എത്താതെ പോവുകയും ചെയ്യുന്നു. ഇത്തരത്തിലും ഉത്പാദനം കുറയുന്നു. വില ഉയരുന്നതുകൊണ്ട് മാത്രമാണ് ലാഭമില്ലെങ്കിലും കർഷകർ ടാപ്പിംഗ് തുടരുന്നത്. ചെറുകിട കർഷകർക്ക് വിലവർധനവിന്റെ ഗുണം കാര്യമായി ലഭിക്കുന്നില്ല.
പ്രതിരോധത്തിലായി കേരകർഷകർ
വെളിച്ചെണ്ണ വിലയില്‍ വലിയ ഇടിവ് ഉണ്ടായില്ലെങ്കിലും തേങ്ങയുടെ വില താഴ്ന്നു നിൽക്കുകയാണ്. റിക്കാർഡ് ഉയരത്തില്‍ നിന്ന് വില താഴോട്ടിറങ്ങി. 300 രൂപയും അതിന് താഴെയുമാണ് വിവിധ ഭാഗങ്ങളില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് ഈടാക്കുന്നത്. ഓണക്കാലത്ത് 500 രൂപയ്ക്കു മുകളിലേക്ക് കുതിച്ചിരുന്നു വെളിച്ചെണ്ണ വില.
തേങ്ങയുടെ ലഭ്യതയാണ് വിലയിടിവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് വര്‍ധിച്ചതാണ് തേങ്ങയുടെ വിലയിടിവിലേക്ക് നയിച്ചത്. എണ്ണ വാങ്ങുന്നവർക്ക് ഗുണവും കേരകർഷകർക്ക് വേദനയും നൽകുന്നതാണ് എണ്ണയുടെ വിലയിടിവ്. എണ്ണ വിലയെ അപേക്ഷിച്ച് നാളികേരത്തിന്റെ വില വളരെ കുറഞ്ഞു. ഒരു കിലോ തേങ്ങയ്ക്ക് 50 രൂപ നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നത്. ഓണക്കാലത്ത് കിലോയ്ക്ക് 78 രൂപ വരെ ഉയര്‍ന്നിരുന്നു.
കൊപ്രയ്ക്ക് കഴിഞ്ഞ ഓണക്കാലത്ത് കിലോഗ്രാമിന് 270 രൂപ വരെ വിലയുണ്ടായിരുന്നു. എന്നാല്‍ വില കുറഞ്ഞ് 150 രൂപയിലേക്കെത്തി. ചിരട്ടയ്ക്കും വില ഗണ്യമായി വർധിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഗുണവും നാളികേര കർഷകർക്ക് ലഭിക്കുന്നില്ല. ഒരു കിലോ തേങ്ങയുടെ ചിരട്ട കൊടുത്താൽ ഏഴ് രൂപ വരെ ലഭിക്കുന്നുണ്ട്.
വാഴക്കുലയ്ക്കും വിലയില്ല
നേന്ത്രക്കുലയ്ക്ക് വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിപണിയിൽ ആവശ്യക്കാർ കുറയുകയും വരവ് കൂടുകയും ചെയ്തതാണ് വിലയിടിവിന് പ്രധാന കാരണമായി കണക്കാക്കുന്നത്.
മുന്‍പ് കിലോയ്ക്ക് 60-70 രൂപ വരെ ലഭിച്ചിരുന്ന നേന്ത്രക്കുലയ്ക്ക് ഇപ്പോൾ 20-30 രൂപ മാത്രമാണ് ലഭിക്കുന്നത്. ചില പ്രദേശങ്ങളിൽ ഇതിലും താഴെയാണ് വില. ഉത്പാദനച്ചെലവ് പോലും തിരികെ ലഭിക്കാത്ത അവസ്ഥയാണ് കർഷകർ നേരിടുന്നത്.
കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്ന് നേന്ത്രക്കുലകൾ ഗണ്യമായി കേരളത്തിലേക്ക് എത്തുന്നതാണ് വില കുറയാനുള്ള പ്രധാന കാരണമായി പറയുന്നത്. കർണാടകത്തിൽ എത്തുന്ന വാഴക്കുലകൾ 20 രൂപയ്ക്ക് താഴെ വ്യാപാരികൾക്ക് ലഭിക്കും. ഇതോടെ പ്രാദേശിക കർഷകർ ഉൽപാദിപ്പിക്കുന്ന നേന്ത്രക്കുലകൾ വാങ്ങാൻ ആളില്ലാതെയായി. 10 കിലോ തൂക്കം വരുന്ന ഒരു നേന്ത്രക്കുല ഉത്പാദിപ്പിക്കാൻ ശരാശരി 300 രൂപയിലധികം ചെലവ് വരും. നിലവിലെ അവസ്ഥയിൽ ഓരോ വാഴക്കുലയ്ക്കും 100 രൂപയിലധികം നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്.
National
ന്യൂഡൽഹി: കാൽ പതിറ്റാണ്ടിനപ്പുറം ലോകത്തെ കാത്തിരിക്കുന്നത് കടുത്ത ചൂടായിരിക്കുമെന്നും ലോകജനസംഖ്യയുടെ പകുതിയോടടുത്ത് ഇതു നേരിടേണ്ടിവരുമെന്നും ഓക്സ്ഫഡ് സർവകലാശാലയുടെ പഠന റിപ്പോർട്ട്. ഫോസിൽ ഇന്ധനങ്ങളുടെ നിരന്തരമായ ഉപയോഗമാണ് ഇതിനു പ്രധാന കാരണമായി പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
വ്യാവസായിക വിപ്ലവത്തിനുമുമ്പുള്ള ആഗോള താപനിലയേക്കാൾ രണ്ടു ഡിഗ്രി സെൽഷസ് കൂടി ഉയർന്നാൽ 2050ഓടെ 380 കോടി ജനങ്ങൾ കടുത്തതും അപകടകരവുമായ ചൂടിനു വിധേയമാകേണ്ടിവരുമെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്. ലോകജനസംഖ്യയുടെ ഏകദേശം 41 ശതമാനം വരുമിത്.
2010ലെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 23 ശതമാനമായ 154 കോടി ജനങ്ങളാണ് ആ വർഷം കടുത്ത ചൂടിനു വിധേയമായിരുന്നത്. എന്നാൽ ബഹിർഗമനം വേഗത്തിൽ കുറച്ചില്ലെങ്കിൽ നൂറ്റാണ്ടിന്റെ പകുതിയോടെ ഈ സംഖ്യ ഇരട്ടിയിലധികമാകുമെന്നാണ് ഓക്സ്ഫഡിന്റെ പഠനറിപ്പോർട്ട്.
കടുത്ത ചൂട് ഏറ്റവുമധികം ബാധിക്കുന്ന രാജ്യങ്ങളിൽ നൈജീരിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളോടൊപ്പം ഇന്ത്യയും റിപ്പോർട്ടിലുണ്ട്. 32 ഡിഗ്രി സെൽഷസ് താപനിലയ്ക്കു മുകളിൽ പല ദിവസങ്ങളിലായി നിലനിൽക്കുന്ന, അസാധാരണമായ ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയെയാണ് സാധാരണയായി കടുത്ത ചൂടായി വ്യാഖ്യാനിക്കുന്നത്.
കഴിഞ്ഞ പതിറ്റാണ്ടിൽ (2015-24) ഇന്ത്യയുടെ ശരാശരി താപനില 0.9 ഡിഗ്രി സെൽഷസ് വർധിച്ചുവെന്ന് പഠന റിപ്പോർട്ടുകളുണ്ട്.